മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റില്‍ ടൗണ്‍ഹാള്‍ നിര്‍മിക്കുന്നതിന് തുക വകയിരുത്തി. ഷോപ്പിംഗ് കോംപ്ലക്‌സിനോട് അനുബന്ധിച്ചാണു നിര്‍മാണം നടത്തുന്നത്. 12.35 കോടി രൂപയുടെ ബജറ്റാണ് വൈസ് പ്രസിഡന്റ് രോഹിണി ജോസ് അവതരിപ്പിച്ചത്. നികുതി വരുമാനമായി 1.5 കോടി രൂപയും, നികുതിയേതര വരുമാനം 52.97 ലക്ഷം രൂപയും, പൊതു ആവശ്യ ഗ്രാന്റായി 86.24 ലക്ഷം രൂപയും, പദ്ധതി ചെലവുകള്‍ക്കുള്ള റവന്യൂ ഗ്രാന്റുകള്‍ 61 ലക്ഷം രൂപയും, പദ്ധതിയേതര ചെലവുകള്‍ക്കുള്ള റവന്യൂ ഗ്രാന്റുകള്‍ 25 ലക്ഷം രൂപയും, മൂലധന വരവിനത്തില്‍ 6.32 കോടി രൂപയും പ്രതീക്ഷിക്കുന്നു.
വാര്‍ഷിക പദ്ധതിക്കായുള്ള പ്രധാന വകയിരുത്തലുകളില്‍ ഉത്പാദന മേഖലയില്‍ നെല്‍കൃഷിക്ക് 1.75 ലക്ഷം രൂപയും, സമഗ്രപുരയിട കൃഷിക്ക് 13.24 ലക്ഷം രൂപയും, പച്ചക്കറി കൃഷി വികസനത്തിന് 1.4 ലക്ഷം രൂപയും, ജലസേചന പമ്പ് സെറ്റ് വിതരണത്തിന് 1.4 ലക്ഷം രൂപയും, പശുവളര്‍ത്തല്‍ പദ്ധതിക്ക് 8.4 ലക്ഷം രൂപയും, മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിക്ക് 4.4 ലക്ഷം രൂപയും, കന്നുകുട്ടി പരിപാലനത്തിന് 12.5 ലക്ഷം രൂപയും, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 3.7 ലക്ഷം രൂപയും വകയിരുത്തി.
സേവന മേഖലയില്‍ വീട് വാസയോഗ്യമാക്കുന്നതിന് 14 ലക്ഷം രൂപയും, മഴക്കാല പൂര്‍വ ശുചീകരണത്തിന് 2.8 ലക്ഷം രൂപയും, ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങുന്നതിന് ആറു ലക്ഷം രൂപയും, വലിയതോട് സംരക്ഷണത്തിന് 10.34 ലക്ഷം രൂപയും, ശുചിത്വ മാലിന്യ സംസ്‌ക്കരണ പദ്ധതിക്ക് 3.24 ലക്ഷം രൂപയും, വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് രണ്ടു ലക്ഷം രൂപയും, ഭിന്നശേഷി കലോത്സവത്തിന് 0.5 ലക്ഷം രൂപയും, വയോജനങ്ങള്‍ക്ക് കട്ടില്‍ വാങ്ങുന്നതിന് 1.12 ലക്ഷം രൂപയും സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും മറ്റുമായി 24 ലക്ഷം രൂപയും വകയിരുത്തി.
പശ്ചാത്തല മേഖലയില്‍ ത്രിതലപഞ്ചായത്ത് പദ്ധതിയുമായി കൂട്ടിച്ചേര്‍ത്ത് വിവിധ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും പൊതു നിരത്തുകളിലെ തെരുവ് വിളക്കുകള്‍ പരിപാലിക്കുന്നതിനും പദ്ധതിയില്‍ തുക വകയിരുത്തി. ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് കമ്യൂണിറ്റിഹാള്‍ നവീകരിക്കുന്നതിന് 10 ലക്ഷം രൂപയും, കൃഷിഭവന്‍ നവീകരണത്തിന് 3.5 ലക്ഷം രൂപയും വിവിധ വാര്‍ഡുകളിലെ അംഗന്‍വാടികളുടെ അറ്റകുറ്റപണികള്‍ക്കും നിര്‍മാണത്തിലിരിക്കുന്ന അംഗന്‍വാടികള്‍ക്കും ആവശ്യമായ 12 ലക്ഷം രൂപയും, പഞ്ചായത്ത് പരിധിയിലുള്ള വിവിധ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി 7.9 ലക്ഷം രൂപയും വകയിരുത്തി. റോഡുകള്‍ നവീകരിക്കുന്നതിന് 1.3 കോടി രൂപയും നീക്കിവച്ചു.
പതിവ് പദ്ധതികള്‍ക്ക് പുറമെ ഗ്രാമപഞ്ചായത്ത് ഡിജിറ്റലൈസ് ചെയ്യുന്നതിന് ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പ്രകാരമാണ് ബജറ്റ് സമ്മേളനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുകോശി പോള്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസഫ് ഇമ്മാനുവേല്‍, പി.എസ്. രാജമ്മ, പ്രകാശ്കുമാര്‍ വടക്കേമുറി, അംഗങ്ങളായ മേരി സജി, ബിജി വറുഗീസ്, റീനാ യുഗേഷ്, ജേക്കബ് തോമസ്, കെ.എസ് സുമേഷ്, മോളി ജോയ്, രമ്യാ മനോജ്, സെക്രട്ടറി പി.കെ. ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.