കോന്നി : കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ മരണപെട്ടവർക്ക് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. രാവിലെ ആറുമണിയോടെ മല്ലശേരി പുത്തെതുണ്ടിയിൽ വീട്ടിൽ മത്തായി ഈപ്പൻ (60), ഇദ്ദേഹത്തിന്റെ മകൻ നിഖിൽ ഈപ്പൻ (29), നിഖിലിന്റെ ഭാര്യ അനു ബിജു (26), അനു ബിജുവിന്റെ പിതാവ് പുത്തൻകിഴക്കേതിൽ വീട്ടിൽ ബിജു പി ജോർജ്ജ് (58) എന്നിവരുടെ ഭൗതിക ശരീരങ്ങൾ മല്ലശേരിയിലെ വീട്ടിൽ എത്തിച്ചു. വീട്ടിലെ പ്രാർഥനകൾക്ക് ശേഷം 7.45 ഓടെ പൂംകാവ് സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലേക്ക് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പുറപ്പെട്ടു. രാവിലെ 8 മണി മുതൽ 12 മണി വരെ പള്ളിയിൽ നടന്ന പൊതു ദർശനത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള നിരവധി ആളുകൾ ആണ് പങ്കെടുത്തത്.
ആരോഗ്യ മന്ത്രി വീണ ജോർജ്ജ്, അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ, സി പി സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു,മുൻ രാജ്യ സഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, മുൻ എം എൽ എ രാജു എബ്രഹാം, കേരള കോൺഗ്രസ് (ജെ) വൈസ് ചെയർമാൻ റ്റി ജെ ജോൺ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത് തുടങ്ങി നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ചു.
ഉച്ചയോടെ ഇരു കുടുംബങ്ങളുടെയും കുടുംബ കല്ലറകളിൽ ആണ് മൃതദേഹങ്ങൾ അടക്കം ചെയ്തത്. മത പുരോഹിതർ സുസ്രൂഷകൾക്ക് നേതൃത്വം നൽകി. ഭൗതിക ശരീരങ്ങൾ പള്ളിയിൽ എത്തിച്ചത് മുതൽ പൂങ്കാവ് ജംഗ്ഷൻ സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. മണിക്കൂറുകൾ നീണ്ട പൊതു ദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. പോലീസ് ഉദ്യോഗസ്ഥരും സെക്യൂരിറ്റി ജീവനക്കാരും തിരക്ക് നിയന്ത്രിച്ചു. ഞായറാഴ്ച പുലർച്ചെ 4.2 നാണ് അപകടം നടന്നത്. കഴിഞ്ഞ രണ്ടാഴ്ച മുൻപ് വിവാഹിതരായ നിഖിലിനെയും അനുവിനെയും തിരുവനന്തപുരം വിമാന താവളത്തിൽ നിന്നും വീട്ടിലേക്ക് കൂട്ടി കൊണ്ട് വരുമ്പോൾ മുറിഞ്ഞകൽ എസ് എൻ ഡി പി ജംഗ്ഷനിൽ വെച്ച് കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ആന്ധ്രായിൽ നിന്ന് എത്തിയ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.