ഡല്‍ഹി: രാജ്യം പിടിച്ചുകുലുക്കിയ ഒരു വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതികരണം നടത്താതെ റാലികളില്‍ പ്രസംഗിക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇതിനേക്കാള്‍ ഇരുണ്ട ഒരു കാലഘട്ടം രാജ്യം കണ്ടിട്ടില്ല. മണിപ്പൂര്‍ കഴിഞ്ഞ 85ദിവസമായി കത്തിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും മണിപ്പൂരിനോട് അനാസ്ഥ തുടരുന്ന കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വത്തിനു മേല്‍ കളങ്കമേല്‍പിക്കുകയാണ്. ഇതെ കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരായിട്ടുണ്ടെന്നും ഇത്തരം രാഷ്ട്രീയത്തെ അവര്‍ ചെറുത്തുതോല്‍പിക്കുമെന്നു ഖാര്‍ഗെ പറഞ്ഞു.
പാര്‍ലമെന്റില്‍ സംസാരിക്കാതെ മോദി മറ്റിടങ്ങളില്‍ പ്രസംഗിച്ചു നടക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ പേരെടുത്തു പറഞ്ഞതുകൊണ്ടൊന്നും മോദിസര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ ഇല്ലാതാക്കാനാവില്ലെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ബി.ജെ.പി അനുവദിച്ചില്ലെന്ന കാര്യവും ഖാര്‍ഗെ എടുത്തുപറഞ്ഞു. മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചതുകൊണ്ടൊന്നും മണിപ്പൂരിലെ സംഭവങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ബി.ജെ.പിക്ക് ഒളിച്ചോടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.