മംഗളൂരു : കുമ്പള ചേതന്‍നഗറില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശിനി ഷൈമ (44) ന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവ് റെന്‍സണ്‍ എന്ന ജോസഫ് ഫ്രാന്‍സിസിനെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11 നാണ് ഷൈമയെ അവശനിലയില്‍ റെന്‍സണ്‍ തന്നെ ദേര്‍ലക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുടുംബവഴക്കിനിടയില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു ആശുപത്രി അധികൃതരോടും പോലീസിനോടും ഇയാള്‍ പറഞ്ഞത്. അന്നു രാത്രിയോടെതന്നെ ഷൈമയുടെ മരണം സംഭവിച്ചിരുന്നു.
വിഷം അകത്തുചെന്നിട്ടില്ലെന്നും തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ പരിക്കേറ്റതാണ് മരണകാരണമായതെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് പോലീസ് കഴിഞ്ഞദിവസം റെന്‍സണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കുടുംബവഴക്കിനിടയില്‍ തന്‍റെ അടിയേറ്റാണ് ഷൈമ ബോധരഹിതയായതെന്നു റെന്‍സണ്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊച്ചിയില്‍ നിന്നെത്തിയ ബന്ധുക്കളാണ് മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ചു പോലീസില്‍ പരാതി നല്‍കിയത്.