കൊച്ചി: റെയില്‍വേ ട്രാക്കിനു സമീപം പരിക്കേറ്റയാള്‍ രക്തം വാര്‍ന്നുകിടന്നത് അരമണിക്കൂര്‍. എറണാകുളം പുല്ലേപ്പടി റെയില്‍വേ മേല്‍പാലത്തിനു സമീപം ഞായറാഴ്ച രാത്രി 8.10ഓടെയാണ് സംഭവം.
അജ്ഞാതന്‍ പരിക്കേറ്റ് കിടക്കുന്നത് സമീപവാസികളാണ് ആദ്യം കണ്ടത്. ഉടന്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ വിവരം അറിയിച്ചു. സ്കൂട്ടറില്‍ എത്തിയ പോലീസുകാര്‍ ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സിനായി പല ആശുപത്രികളിലും 108 നമ്പറില്‍ ഉള്‍പ്പെടെയും വിളിച്ചു. എന്നാല്‍, കോവിഡ് ഡ്യൂട്ടിയിലാണ് ആംബുലന്‍സുകള്‍ എന്ന മറുപടിയാണ് ലഭിച്ചത്.
ഇതിനിടെ മുഖത്തേറ്റ പരിക്കില്‍നിന്ന് രക്തം വാര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്ന് ലിസി ആശുപത്രിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ പിന്നീട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.