കൊല്ലം: കൊല്ലത്തെ ആറ് വയസുകാരിയെ തട്ടിപ്പോയ കേസിൽ നിർണായകമായി കുട്ടിയുടെ ആദ്യമൊഴി. തട്ടിക്കൊണ്ടുപോയശേഷം കണ്ടുകിട്ടിയപ്പോൾ തന്നെ കുട്ടി ഒരു ‘കശണ്ടിയുള്ള മാമൻ’ സംഘത്തിലുണ്ടായിരുന്നു എന്നാണ്. ഇന്ന് പ്രതികളെ പിടികൂടുമ്പോൾ കുട്ടിയുടെ ആദ്യമൊഴി കിറുകൃത്യമാണെന്നും കാണാം. കുട്ടിപറഞ്ഞ കശണ്ടിയുള്ള മാമനാണ് പിടിയിലായ ചാത്തന്നൂർ സ്വദേശി പത്മകുമാർ. പ്രതിയുടെ രേഖാചിത്രവും അച്ചെട്ടായെന്നത് കുറ്റവാളികളെ പിടികൂടാൻ പോലീസിന് സഹായകമായി. ഈ കേസിൽ ഏറ്റവും നിർണായകമാണ് പ്രതിയായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു എന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പത്മകുമാറിനെ കേന്ദ്രീകരിച്ചാകും അന്വേഷണം ഇനി മുന്നോട്ടുപോകുക.
അതിനിടെ പത്മകുമാറിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ, മകള്‍ എന്നിവരാണ് ഇപ്പോള്‍ പോലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഒറ്റപ്പെട്ട ജീവിതമാണ് ഇവർ നയിച്ചിരുന്നതെന്നാണ് വിവരം. അയൽവാസികളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. പത്മകുമാർ നാട്ടിൽ ഒരു ബേക്കറി നടത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ ഇപ്പോൾ പിടിയിലായ 3 പേരിൽ പത്മകുമാറിന് മാത്രമാണ് നേരിട്ട് ബന്ധമുള്ളതെന്നാണ് വിവരം. ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.
കേസിന് ശേഷം ഒളിവിൽ പോയ പത്മകുമാറിനെയും കുടുംബത്തെയും തമിഴ്നാട് തെങ്കാശി പുളിയറയില്‍ നിന്ന് പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ അടൂര്‍ കെ എ പി ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തു. ചാത്തന്നൂര്‍ കോതേരിയില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. രണ്ട് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ 3 വാഹനങ്ങളാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്.