ഭോപ്പാൽ : ബംഗാൾ മുഖ്യമന്ത്രിയായി തുടർച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട മമത ബാനർജിയെ ‘ദേശീയ നേതാവ്’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിർപക്ഷത്തു നിൽക്കുന്ന ശക്തയായ നേതാവാണ് മമത. എതിരാളികളായ നരേന്ദ്ര മോദിയെയും കേന്ദ്ര ഏജൻസികളെയും തറപറ്റിച്ച നേതാവാണ് മമത. എതിർപക്ഷത്തെ അടിച്ചകറ്റുന്നു, തുടർച്ചയായി ബംഗാൾ കീഴടക്കുന്നു. മമത രാജ്യത്തിന്റെ തന്നെ നേതാവായി മാറിയിരിക്കുന്നു – കമൽനാഥ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവത്തോടു കിട പിടിക്കുന്ന ദേശീയനേതാക്കളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണു കോൺഗ്രസ്. 2024ലെ തെരഞ്ഞെടുപ്പിൽ, മമതയെ മോദിക്കെതിരെ മത്സരിപ്പിക്കുന്നതിനെക്കുറിച്ചു ചോദ്യമുയർന്നപ്പോൾ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ നേതാക്കൾ ശരിയായ സമയത്തു പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ മുഖമായി മമതയെ കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ‘തനിക്കറിയില്ല’ എന്നായിരുന്നു മറുപടി. യുപിഎ സഖ്യം കൂടിയാലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ നടക്കുന്ന അക്രമ സംഭവങ്ങളെ അദ്ദേഹം അപലപിച്ചു. ഇതേ വിഷയത്തിൽ മമതയുമായി ഫോൺ സംഭാഷണം നടത്തി എന്നു സ്ഥിരീകരിച്ച കമൽനാഥ്, മധ്യപ്രദേശ് സന്ദർശനത്തിനു മമതയെ ക്ഷണിച്ചതായും അറിയിച്ചു.