ഡൽഹി: കലാപം പൊട്ടിപ്പുറപ്പെട്ട ബംഗാളിലെ മൂര്‍ഷിദാബാദ് സന്ദര്‍ശിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് അനുമതി നിഷേധിച്ച് മമത സര്‍ക്കാര്‍. വഖഫ് ഭേദഗതി നിയമത്തിനെതിരായ കലാപത്തിന്റെ മറവില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും സംഘര്‍ഷ സ്ഥലവും സന്ദര്‍ശിക്കാന്‍ അനുമതി തേടിയെങ്കിലും മമത സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. ഏപ്രില്‍ 11ന് വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് ബംഗാളിലെ മൂര്‍ഷിദാബാദില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മൂന്നു പേരില്‍ രണ്ട് പേര്‍ സിപിഎം പ്രവര്‍ത്തകരാണ്.
കലാപ സമയത്ത് വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊളളയടിക്കുന്നത് തടയുന്നതിനിടെയാണ് സിപിഎം പ്രവര്‍ത്തകരായ അച്ഛനും മകനും കൊല്ലപ്പെട്ടത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇതുവരെ മമത സര്‍ക്കാരിനായിട്ടില്ല. സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാനും കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ പോകാനുമായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി അനുമതി തേടിയത്. എന്നാല്‍ മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. സംഘര്‍ഷങ്ങള്‍ പുറം ലോകം അറിയാതിരിക്കാനാണ് മമത സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.