കൊല്‍ക്കത്ത: നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പില്‍ നേരിട്ട് ഏറ്റുമുട്ടുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി ഒരു വശത്ത് വലിയ റാലി നടത്തുമ്പോള്‍ മറുവശത്ത് പാചക വാതക വിലവര്‍ധനവിനെതിരെ പദയാത്രയുമായാണ് മമതാ ബാനര്‍ജി രംഗത്തെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ ഡാര്‍ജിലിങ് മോറില്‍നിന്നാണ് പദയാത്ര ആരംഭിച്ചത്.
കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കുമ്പോഴാണ് പാചകവാതക വിലവര്‍ധനയ്ക്കെതിരെ മമതയുടെ പദയാത്ര എന്നത് ശ്രദ്ധേയമാണ്. നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മോദി ഇതാദ്യമാണ് പശ്ചിമ ബെംഗാളില്‍ റാലിയില്‍ പങ്കെടുക്കുന്നത്.
പ്ലക്കാര്‍ഡുകളും എല്‍.പി.ജി. സിലിണ്ടറുകളുടെ മാതൃകകളുമായി ആയിരക്കണക്കിന് ആളുകളാണ് മമതയുടെ റാലിയില്‍ പങ്കെടുത്തത്. പദയാത്രയുടെ വീഡിയോ മമത ട്വിറ്ററില്‍ പങ്കുവെച്ചിട്ടുമുണ്ട്. ഗ്യാസ് സിലിണ്ടറിന്റെ ആകൃതിയിലുള്ള പ്ലക്കാര്‍ഡും കയ്യിലേന്തിയാണ് മമത പദയാത്ര നയിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി. മിമി ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.