കൊച്ചി : നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേം കുമാറിന്റെ പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും. ‘ദൈവത്തിന്റെ അവകാശികള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. ഡി സി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പുസ്തകം പ്രസിദ്ധീകരിച്ചത്. മമ്മൂട്ടി നായകനായി എത്തി കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത വണ്‍ ആണ് പ്രേംകുമാര്‍ അഭിനയിച്ച അവസാന ചിത്രം. സിബിഐ ആണ് മമ്മൂട്ടിയുടെതായി അവസാനം എത്തിയ ചിത്രം.
‘പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ ശ്രീ പ്രേംകുമാര്‍ രചിച്ച്, ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദൈവത്തിന്റെ അവകാശികള്‍ ‘ എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍,’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്. അതേസമയം ജനറല്‍ ബോഡി യോഗത്തില്‍ ലൈംഗിക പീഡന കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്തത് വിവാദമായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി ഷമ്മി തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.