കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ച്ചയായി മൂന്നാം തവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. മമത ഇന്നു രാത്രി ഏഴോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ജഗ്ദീപ് ധര്‍ഖറിനെ സന്ദര്‍ശിച്ചു സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം നടത്തി.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മമതാ ബാനര്‍ജിയെ നിയമസഭാ പാര്‍ട്ടി നേതാവായി ഐകകണ്ഠേന തീരുമാനിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജി അറിയിച്ചു. സ്പീക്കര്‍ ബിമന്‍ ബാര്‍ജിയെ പ്രോടേംസ്പീക്കറായും നിയുക്ത എംഎല്‍എമാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. പുതുതായി തെരഞ്ഞെടുത്ത അംഗങ്ങള്‍ വ്യാഴാഴ്ച നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും.
294ല്‍ 213 സീറ്റിലും വിജയം നേടിയാണ് മമതയും സംഘവും അധികാരമുറപ്പിച്ചത്. മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗാളിനെ ഇളക്കിമറിച്ച് ദിവസങ്ങളോളം പ്രചാരണം നടത്തിയെങ്കിലും ബിജെപിക്ക് 77 സീറ്റുകളാണ് നേടാനായത്. 35 വര്‍ഷം ബംഗാളിനെ ഭരിച്ച ഇടതുപാര്ട്ടികള്ക്കാകട്ടെ ഒരൊറ്റ സീറ്റില്‍പ്പോലും മേല്‍ക്കൈ നേടാനായില്ല. ഇടതുപാര്‍ട്ടികള്‍ക്കൊപ്പം മത്സരിച്ച കോണ്‍ഗ്രസും വട്ടപ്പൂജ്യമായി.