ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെയും സ്ത്രീയെയും ട്രെയിനില്‍ നിന്ന് തള്ളിയിട്ടതായി ആരോപണം. ഗ്വാളിയോറില്‍ സൂറത്ത് എക്സ്പ്രസ് ട്രെയിനില്‍ ബുധനാഴ്ചയാണ് സംഭവം. അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നത് തടഞ്ഞ യാത്രക്കാരെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ 25 വയസ്സുള്ള യുവാവിനും ബന്ധുവായ സ്ത്രീക്കും(35) ആക്രമണത്തില്‍ പരിക്കേറ്റത്.
റെയില്‍വേ ട്രാക്കിന് സമീപം ഒരു സ്ത്രീയും പുരുഷനും പരിക്കേറ്റ് കിടക്കുന്നതായി രാവിലെയാണ് പോലീസിന് വിവരം ലഭിച്ചതെന്ന് ബിലൗവ സ്റ്റേഷന്‍ ഇന്‍ചാര്‍ജ് രമേഷ് ഷാക്യ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂറത്ത് എക്സ്പ്രസിന്റെ ഒരു കമ്പാര്‍ട്ടുമെന്റില്‍ മൂന്ന് യുവാക്കള്‍ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ തുടങ്ങിയതോടെയാണ് തര്‍ക്കമുണ്ടായതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.