ന്യൂയോർക്ക്: മുൻ കാമുകിയെ കൊല്ലാനുള്ള പദ്ധതി ചാറ്റ്ജിപിടിയുമായി ചർച്ച ചെയ്തതിന് പിന്നാലെ യുവാവ് പിടിയിലായി. അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സിലെ മുൻ ജീവനക്കാരനായ ഡാരേൻ സുവോ(25)വിനെയാണ് അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്ബിഐ) പിടികൂടിയത്. മേയ് മാസത്തിൽ അറസ്റ്റിലായ ഇയാളുടെ വിചാരണ കഴിഞ്ഞമാസത്തോടെ പൂർത്തിയായി. തുടർന്ന് പ്രതിയെ എട്ടുവർഷത്തെ പ്രൊബേഷൻ തടവിന് വിധിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിലൂടെ ജയിൽശിക്ഷ ഒഴിവായെങ്കിലും ഇക്കാലയളവിൽ കർശന നിയന്ത്രണങ്ങൾ പ്രതിക്കുണ്ടാകും. മുൻ കാമുകിയെ കൊല്ലാനും ലൈംഗികമായി ഉപദ്രവിക്കാനുമുള്ള പദ്ധതികൾ ചാറ്റ്ജിപിടിയുമായുള്ള സംഭാഷണത്തിൽ ചർച്ചചെയ്തതോടെയാണ് യുവാവിന് പിടിവീണത്.
കാമുകി പ്രണയബന്ധം അവസാനിപ്പിച്ച് ആറുമാസത്തിന് ശേഷം 2026 മാർച്ചിലാണ് ഡാരേൻ ഓപ്പൺ എഐയുടെ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ഉപയോഗിച്ചുതുടങ്ങുന്നത്. ആദ്യം പ്രണയബന്ധം തകർന്നത് സംബന്ധിച്ചും മുൻ കാമുകിയുടെ ഇഷ്ടങ്ങളെക്കുറിച്ചുമാണ് പ്രതി ചാറ്റ്ജിപിടിയോട് സംസാരിച്ചിരുന്നത്. മുൻകാമുകിക്ക് ഇഷ്ടമുള്ള സ്ഥലങ്ങൾ, ഭക്ഷണം തുടങ്ങിയവയെല്ലാം സംഭാഷണത്തിൽ ഇടംപിടിച്ചു. കാമുകിയുമായി വീണ്ടും ഒരുമിക്കാനുള്ള സാധ്യതകളും ഇയാൾ ആരാഞ്ഞു. എന്നാൽ, പതിയെ മുൻകാമുകിയോടുള്ള പകയും മറ്റും സംഭാഷണത്തിൽ വിഷയമായി. തുടർന്നാണ് മുൻ കാമുകിയെയും കുടുംബാംഗങ്ങളെയും കൊല്ലാനും മുൻ കാമുകിയെ ലൈംഗികമായി പീഡിപ്പിക്കാനുമുള്ള പദ്ധതികളും പ്രതി ചാറ്റ്ജിപിടിയോട് പങ്കുവെച്ചത്.
ജിംനേഷ്യത്തിൽ പൂക്കളുമായി കാമുകിയെ കാത്തിരിക്കാനും തുടർന്ന് വീണ്ടും ഒരുമിക്കാനായി അവളോട് അഭ്യർഥിക്കാമെന്നുമായിരുന്നു പ്രതി ചാറ്റ്ജിപിടിയുമായി ചർച്ചചെയ്ത ഒരുനീക്കം. ഈ അഭ്യർഥന മുൻ കാമുകി നിരസിച്ചാൽ തോക്ക് കൊണ്ട് വെടിവെച്ച് കൊല്ലാനാണ് പദ്ധതിയെന്നും പ്രതി സംഭാഷണത്തിൽ പറഞ്ഞിരുന്നു. ഇതിനുപുറമേ മുൻ കാമുകിയുടെ വീട്ടിൽക്കയറി അവളെ ബന്ദിയാക്കി ലൈംഗികമായി പീഡിപ്പിക്കാനുള്ള പദ്ധതിയും പ്രതി ചാറ്റ്ജിപിടിയുമായി പങ്കുവെച്ചു.സംഭാഷണം അതിരുവിട്ടതോടെ ഓപ്പൺ എഐ ഇക്കാര്യം തിരിച്ചറിഞ്ഞു. ഭീഷണിയും അക്രമസ്വാഭാവമുള്ളതുമായ സംഭാഷണം തിരിച്ചറിഞ്ഞതോടെ ഓപ്പൺ എഐ എഫ്ബിഐയ്ക്ക് വിവരം കൈമാറി. പ്രതിയുടെ രണ്ടുമാസത്തെ ചാറ്റ് ഹിസ്റ്ററിയും അന്വേഷണ ഏജൻസികൾക്ക് നൽകി. തുടർന്ന് ഇത് പരിശോധിച്ച എഫ്ബിഐ സംഘം, ഉടൻതന്നെ പ്രാദേശിക അന്വേഷണ ഏജൻസിയെ ബന്ധപ്പെട്ടു.
പ്രതിയുടെ മുൻ കാമുകി സുരക്ഷിതയാണെന്നും ഉറപ്പാക്കി. നിരന്തരമുള്ള സംശയവും തന്നെ നിയന്ത്രിക്കുന്ന സ്വഭാവമുള്ളതിനാലുമാണ് ഡാരേനുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. പ്രണയം അവസാനിപ്പിച്ചശേഷം ഫോണിലൂടെയും വിവിധ സാമൂഹികമാധ്യമ ആപ്പുകളിലൂടെയും പ്രതി പിന്തുടർന്ന് ശല്യംചെയ്തതായും യുവതി വെളിപ്പെടുത്തി. എല്ലാ ആപ്പുകളിലും ബ്ലോക്ക് ചെയ്തെങ്കിലും മറ്റുചില ആപ്പുകൾ വഴി ഇയാൾ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായും യുവതി പറഞ്ഞു.
കേസിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതിയെ എഫ്ബിഐ അറസ്റ്റ് ചെയ്തത്.
രണ്ടുദിവസം ജയിലിൽ കിടന്ന പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. ഓഗസ്റ്റ് 13-ന് നടന്ന വിചാരണയിൽ പ്രതി കുറ്റംസമ്മതിച്ചു. തുടർന്ന് പ്രോസിക്യൂഷനുമായി പ്രത്യേക കരാറുണ്ടാക്കിയാണ് ജയിൽവാസം ഒഴിവാക്കിയത്. ജയിൽവാസമില്ലാത്ത എട്ടുവർഷത്തെ തടവാണ് പ്രതിക്ക് ശിക്ഷയായി വിധിച്ചത്. ഇക്കാലയളവിൽ പ്രതിക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ഇലക്ട്രോണിക് ഉപകരണങ്ങൾ വഴി സദാസമയവും പ്രതി നിരീക്ഷണത്തിലാകും. മുൻ കാമുകിയെ ബന്ധപ്പെടാൻ ശ്രമിക്കരുത്, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കരുത്. മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ക്ലാസുകൾ പൂർത്തിയാക്കണം തുടങ്ങിയ നിബന്ധനകളുമുണ്ട്.


































