ശാസ്താംകോട്ട : എട്ടും എച്ചും ടെസ്റ്റുകൾ പാസായെന്ന പേരിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ചു ഡ്രൈവിങ് ലൈസൻസ് തരപ്പെടുത്താൻ ശ്രമിച്ചയാളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. വ്യാജരേഖ ചമച്ച സംഭവത്തിൽ 3 പേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. മൈനാഗപ്പള്ളി കടപ്പാ പള്ളിയുടെ കിഴക്കതിൽ ഉമറുൽ ഫാറൂഖ് (18), ഡ്രൈവിങ് സ്കൂൾ ഉടമയും മൈനാഗപ്പള്ളി ആശാരിമുക്ക് സ്വദേശിയുമായ ഷാജഹാൻ (ഷാജി– 37), ഇടനിലക്കാരൻ പോരുവഴി മയ്യത്തുംകര സ്വദേശി അഫ്സൽ (25) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കുന്നത്തൂർ സബ് ആർടി ഓഫീസിന്റെ ലൈസൻസ് ടെസ്റ്റ് നടക്കുന്ന പതാരം പഞ്ചായത്ത് മൈതാനത്ത് ഇന്നലെ രാവിലെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പോലീസ് പറയുന്നത്: നാലുചക്ര വാഹനങ്ങൾക്കുള്ള എട്ടും ഇരുചക്ര വാഹനങ്ങൾക്കുള്ള എച്ചും ഉൾപ്പെടുന്ന (പാർട്ട് വൺ) പരീക്ഷയിൽ പങ്കെടുക്കാതെയാണ് ഉമറുൽ ഫാറൂഖ് റോഡ് ടെസ്റ്റിനെത്തിയത്.
എട്ടും എച്ചും പാസായതായി സാക്ഷ്യപ്പെടുത്തി അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അയ്യപ്പദാസിന്റെയും പി. ഷിജുവിന്റെയും ഒപ്പ് വ്യാജമായി ഇട്ട ഫോമും ഇയാളുടെ കയ്യിലുണ്ടായിരുന്നു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വേണുകുമാറിനു തോന്നിയ സംശയത്തെ തുടർന്നാണു തട്ടിപ്പു കണ്ടെത്തിയത്.
ഉമറുൽ ഫാറൂഖ് പോലീസ് കസ്റ്റഡിയിലാണ്. വ്യാജരേഖ ചമയ്ക്കാൻ സഹായം ചെയ്ത മറ്റ് രണ്ടു പേർക്കെതിരെയും തുടർന്നു കേസെടുത്തു. തട്ടിപ്പ് നടത്തിയ ഡ്രൈവിങ് സ്കൂളിനെ സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉറപ്പാക്കുന്നതിനായി ആർടിഒയ്ക്കു റിപ്പോർട്ട് നൽകുമെന്നും കുന്നത്തൂർ ജോ.ആർടിഒ ആർ. ശരത്ചന്ദ്രൻ പറഞ്ഞു.