മൂവാറ്റുപുഴ: ബ്യൂട്ടി പാര്‍ലറുകളില്‍ കയറി സ്ത്രീകളെ കടന്നുപിടിച്ച് അപമാനിക്കുന്നയാളെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി രാജേഷ് ജോര്‍ജാണ് (45) പിടിയിലായത്. തിങ്കളാഴ്ച നഗരത്തിലെ സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറില്‍ കയറി ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ഉടമസ്ഥന്റെയാളാണ് പറഞ്ഞശേഷം ഇവിടെ ജോലി ചെയ്തിരുന്ന സ്ത്രീയെ കടന്നുപിടിക്കുകയായിരുന്നു. ഒച്ചവെച്ചതോടെ ഓടിയെത്തിയവര്‍ പിടികൂടി പൊലീസിന് കൈമാറി. സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കയറി ഉടമസ്ഥന് പറഞ്ഞുവിട്ട ആളെന്ന് തെറ്റിദ്ധരിപ്പിച്ചശേഷം ജോലി ചെയ്യുന്ന സ്ത്രീകളെ കടന്നുപിടിക്കുന്നത് ഇയാളുടെ പതിവാണെന്ന് പോലീസ് പറഞ്ഞു.
വിവിധ പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സബ് ഇന്‍സ്പെക്ടര്‍ ജി. അനൂപിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ഇ.ആര്. ഷിബു, സിവില്‍ പൊലീസ് ഓഫിസര്‍ ബിജി മാത്യു എന്നിവരാണ് അറസ്റ്റ് ചെയ്തത്.