ഇരവിപുരം: കടംകൊടുത്ത പണം തിരികെ ചോദിച്ചതിെന്റ പേരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് മുക്കം ഷംനാദ് ബൈത്തില്‍ ഷംനാദ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30 ഓടെ ഇരവിപുരം താന്നി ലക്ഷ്മിപുരം തോപ്പിലായിരുന്നു സംഭവം.
പ്രതിയും കൂട്ടുകാരും ചേര്‍ന്ന് ലക്ഷ്മിപുരം തോപ്പ് ഭാഗത്തിരുന്ന് മദ്യപിക്കുമ്പോള്‍ പണം തിരികെ ചോദിച്ച് മുക്കം സ്വദേശിയായ ജാഫര്‍ ഖാന് എത്തി. ഇയാളെ അസഭ്യം പറയുകയും അവിടെ നിന്ന് ഓടിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന്, സംഭവ സ്ഥലത്തുനിന്ന് പോകാന്‍ ശ്രമിച്ച ജാഫര്‍ ഖാനെ അടുത്തുള്ള കടയില്‍നിന്ന് കത്തി എടുത്ത് വയറ്റില്‍ കുത്തുകയായിരുന്നു.
ഇരുവരും തമ്മിലുണ്ടായ മല്‍പ്പിടിത്തത്തിനിടെ പ്രതിക്കും പരിക്കേറ്റിരുന്നു. കുത്തേറ്റ ജാഫര്‍ ഖാന് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിനുശേഷം ആശുപത്രിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇരവിപുരം എസ്.എച്ച്.ഒ വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാര്‍, ജി.എസ്.ഐമാരായ സുനില്‍, ജയകുമാര്‍, എ.എസ്.ഐമാരായ ദിനേശ്, ഷാജി, എസ്.സി.പി.ഒ സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.