മാഹി: പെണ്‍ സുഹൃത്തിനെ ലോഡ്ജില്‍ വരുത്തി സ്വര്‍ണമാല മോഷ്ടിച്ചയാള്‍ പിടിയില്‍. മാഹിയിലെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം വടകര സ്വദേശിനിയും മധ്യവയസ്‌കയുമായ പെണ്‍ സുഹൃത്തിനെ വിളിച്ചുവരുത്തി മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷമാണ് മാല കവര്‍ന്നത്. വയനാട് മീനങ്ങാടി സ്വദേശി മിര്‍ഷാദിനായാണ് (44) മാഹി പോലീസ് പിടികൂടിയത്.
മൂന്ന് പവനോളം തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. ജൂലൈ 28നാണ് സംഭവം. മോഷ്ടിച്ച സ്വര്‍ണം പയ്യന്നൂരിലെ ജ്വല്ലറിയില്‍ 1,19,000 രൂപക്ക് ഇയാള്‍ അതേ ദിവസം തന്നെ വില്‍ക്കുകയായിരുന്നു. മാല നഷ്ടപ്പെട്ട സ്ത്രീ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മാഹി എസ്.പി. രാജശങ്കര്‍ വെള്ളാട്ടിന്റെ നിര്‍ദ്ദേശപ്രകാരം മാഹി സി.ഐ ബി.എം. മനോജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വടകരയില്‍ വെച്ചാണ് പ്രതി അറസ്റ്റിലായത്.