വയനാട് : നടവയലില്‍ ആദിവാസി കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസി രാധാകൃഷ്ണനാണ് പിടിയിലായത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നെയ്ക്കുപ്പ ആദിവാസി കോളനിയിലെ ആറ് വയസുള്ള മൂന്നു കുട്ടികള്‍ക്കാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്.
കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് കുട്ടികള്‍ പറയുന്നു. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിക്കടുത്തുള്ള കൃഷിയിടത്തില്‍ കുട്ടികള്‍ കളിക്കുകയായിരുന്നു. ഈ സമയം അയല്‍വാസി രാധാകൃഷ്ണന്‍ ശീമക്കൊന്ന വെട്ടി കുട്ടികളെ അടിച്ച് ഓടിക്കുകയായിരുന്നു. കുട്ടികളുടെ കാലിനും പുറത്തും പരിക്കേറ്റു. നടക്കാന്‍ വയ്യാത്ത നിലയിലായിരുന്നു കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരില്‍ നിന്നുമാണ് പോലീസ് വിവരമറിഞ്ഞത്.