തിരുവല്ല : വാഹനം പാര്‍ക്ക് ചെയ്യുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാക്കളെ കുത്തിപ്പരുക്കേല്‍പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുംതുരുത്തി കല്ലുകടവ് നെടുംപറമ്പില്‍ ഷിബു തോമസ് (26) ആണ് അറസ്റ്റിലായത്. നാലുകോടി വടക്കേക്കര വീട്ടില്‍ സതീഷ് കുമാര്‍, സുഹൃത്ത് അനീഷ് എന്നിവരെയാണ് കുത്തിയത്. കഴിഞ്ഞ മാസം 28 ന് പുലര്‍ച്ചെയായിരുന്നു സംഭവം. സതീഷ് കുമാറിന്റെ സുഹൃത്തായ സജീവിന്റെ വീട്ടുമുറ്റത്ത് ഷിബു തോമസ് ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം.
വാക്കേറ്റത്തിന് ഒടുവില്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിബു ഇരുവരെയും കുത്തുകയായിരുന്നു. പരുക്കേറ്റ ഇരുവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ കോട്ടയത്തെ ബന്ധുവീട്ടില്‍ നിന്നു ഇന്നലെ പുലര്‍ച്ചെയോടെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.