കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ദക്ഷിണ കൊല്‍ക്കത്തയിലെ കാളിഘട്ട് ഏരിയയിലെ വസതിയിലേക്ക് അതിക്രമിച്ച് കയറിയയാള്‍ പിടിയിലായി. ഞായറാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഏതാനും മണിക്കൂര്‍ വീടിന്റെ പരിസരത്ത് തങ്ങിയ ഇയാളെ പിന്നീട് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നെന്ന് കൊല്‍ക്കത്ത പോലീസ് അറിയിച്ചു.
34 ബി ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലുള്ള മമത ബാനര്‍ജിയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന് ഇയാള്‍ പുലര്‍ച്ചെ ഒരു മണിയോടെ അകത്തേക്ക് കടക്കുകയായിരുന്നു. രാത്രി മുഴുവന്‍ വീട്ടുമുറ്റത്തെ മൂലയില്‍ ഇരുന്ന ഇയാളെ രാവിലെ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവര്‍ ഉടന്‍ കാളിഘട്ട് പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് തോന്നുന്നതായും ഇയാളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.