ഹാവേരി: പലഹാരമെടുത്തെന്നാരോപിച്ച് ബാലനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. നാഗയ്യ ഹിരേമതിന്റെ മകന്‍ ഹരീഷയ്യയാണ് മരിച്ചത്. കടയുടമ ക്രൂരമായി മര്‍ദിക്കുകയും മണിക്കൂറുകളോളം മുതുകില്‍ കല്ല് കെട്ടിവയ്ക്കുകയും ചെയ്ത കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഹാവേരി ജില്ലയിലെ ഹംഗല്‍ താലൂക്കിലെ ഉപ്പനശി ഗ്രാമത്തില്‍ ഇക്കഴിഞ്ഞ 16-ാം തീയതിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആറു ദിവസത്തോളം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ പത്തുവയസുകാരന്‍ 22-ാം തീയതിയാണ് മരിച്ചത്.
ബാലന്റെ മുതുകില്‍ കടയുടമ ശിവരുദ്രപ്പയും അയാളുടെ കുടുംബവും ചേര്‍ന്ന് വലിയ കല്ല് കെട്ടിവച്ച് അതിക്രൂരമായാണ് മര്‍ദ്ദിച്ചത്. കടയില്‍ സാധനം വാങ്ങാന്‍ പോയ ബാലനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മര്‍ദ്ദനത്തിനിരയായ നിലയില്‍ ഹരീഷയ്യയെ കണ്ടെത്തിയത്. തന്റെ കടയില്‍ നിന്ന് ബാലന്‍ പണം മോഷ്ടിച്ചെന്നും അതുകൊണ്ടാണ് മര്‍ദ്ദിച്ചതെന്നുമാണ് ശിവരുദ്രപ്പ വീട്ടുകാരോട് പറഞ്ഞത്. മകനെ വിട്ടയ്ക്കണമെന്ന് മാതാപിതാക്കള്‍ പറഞ്ഞെങ്കില്‍ ശിവരുദ്രപ്പ വഴങ്ങിയില്ല.
തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബാലനെ മോചിപ്പിച്ചത്. ഉടന്‍ തന്നെ രക്ഷിതാക്കാള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചു. ഇതിനിടെ ക്രൂരമര്‍ദ്ദനത്തിനിരയായെന്ന് ബാലന്‍ പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. തന്നെ ശിവരുദ്രപ്പ മര്‍ദ്ദിച്ച് കൊല്ലാനാണ് ശ്രമിച്ചതെന്നാണ് വീഡിയോയില്‍ ബാലന്‍ പറയുന്നതും വ്യക്തമാണ്.