മാനന്തവാടി : ടിപ്പര്‍ ലോറി കഴുകുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു. മാനന്തവാടി ഒഴക്കോടി മുളളത്തില്‍ ബിജു (43) ആണ് മരിച്ചത്. തവിഞ്ഞാല്‍ തണ്ടേക്കാട് ക്രഷറില്‍ വെച്ച് ടിപ്പര്‍ കഴുകുന്നതിനിടെയായിരുന്നു സംഭവം. കാര്‍ വാഷിങ് പമ്ബിലേക്കുള്ള വയറിലെ സ്വിച്ചില്‍ നിന്നും വൈദ്യുതാഘാതമേറ്റതായാണ് സൂചന. ബിജുവിനെ ക്രഷറിലെ തൊഴിലാളികള്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കെഎസ്‌ഇബി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പമ്പിലേക്കുള്ള വയര്‍ കണക്‌ട് ചെയ്ത സ്വിച്ചില്‍ വൈദ്യുതി ലീക്കുണ്ടായിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയതായി സൂചനയുണ്ട്. ചന്ദ്രന്റെയും വസന്തയുടേയും മകനാണ് ബിജു. ഭാര്യ: ബിന്ദു. മക്കള്‍: നന്ദന, യദുനന്ദന്‍.