ചെങ്ങന്നൂര്‍: അപകടത്തില്‍പ്പെട്ടയാള്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ച സ്വര്‍ണവുമായി രക്ഷകനായി അവതരിച്ചയാള്‍ കടന്നു. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ – പുത്തന്‍കാവ് റോഡില്‍ കത്തോലിക്കപള്ളിക്ക് സമീപമാണ് സംഭവം. അപകടത്തില്‍പെട്ടയാളിനെ സഹായിക്കാനെത്തിയ ശേഷം ആശുപത്രിയിലെത്തിക്കുകയും ചെയ്തയാളാണ് വിരുതന്‍. പരിശോധനകള്‍ക്കിടയില്‍ സഹായിയായി വന്നയാളിനെ സ്വര്‍ണ്ണം ഊരി ഏല്‍പ്പിച്ചിരുന്നു. ഈ സ്വര്‍ണവുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ പത്തരമണിയോടെയാണ് സംഭവം. ചെങ്ങന്നൂര്‍ നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ജിബിന്‍ എഴുമറ്റൂരില്‍ നിന്നും ജോലിക്കായി ബൈക്കില്‍ വരുമ്പോള്‍ എതിര്‍ദിശയില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജിബിനെ ഉടന്‍ തന്നെ അപകടത്തില്‍പ്പെട്ട കാറില്‍ വന്നവരും മറ്റ് രണ്ടു പേരും കൂടി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
കൈക്ക് പൊട്ടല്‍ ഉണ്ടായിരുന്നതിനാലും ഓര്‍ത്തോ വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാത്തതിനാലും പരുക്കേറ്റ ജിബിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. ഈ സമയമെല്ലാം വളരെ സജീവമായിത്തന്നെ ഈ യുവാവ് സഹായത്തിന് ആശുപത്രിയില്‍ ഉണ്ടായിരുന്നു. അപകട വിവരമറിഞ്ഞെത്തിയ സുഹൃത്തായ രാജീവാണ് ജിബിനെ പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടു പോയത്. സഹായിയായ യുവാവും കാറില്‍ കൂടെ ഉണ്ടായിരുന്നു.
കാഷ്വാലിറ്റിയില്‍ കയറ്റുമ്പോള്‍ യുവാവാണ് കൂടെ കയറിയത്. രാജീവ് ഇവരെ ഇറക്കിയ ശേഷം കാര്‍ പാര്‍ക് ചെയ്തവന്നപ്പോഴേക്കും പ്രോട്ടോകോള്‍ പ്രകാരം കാഷ്വാലിറ്റിയില്‍ കയറാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. ഈ സമയം ജിബിന്റെ ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. ഏകദേശം 12 മണി ആയപ്പോള്‍ സഹായിയായി വന്ന യുവാവ് തിരികെ പോകണം എന്നാവശ്യപ്പെട്ടു. അപകടത്തില്‍പ്പെട്ടപ്പോള്‍ സഹായിച്ച വ്യക്തിയല്ലേ എന്ന് കരുതി രാജീവ് തന്നെ ഇയാളെ തിരികെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിവരെ കൊണ്ടുവിട്ടു.
പേര് അനന്തു എന്നാണെന്നും ആറന്മുളയിലുള്ള ഒരാളുടെ ടിപ്പര്‍ ലോറി ഓടിക്കുകയാണ് എന്നും യുവാവ് രാജീവിനോട് പറഞ്ഞു. ചെങ്ങന്നൂരില്‍ നിന്നും തിരികെ രാജീവ് പുഷ്പഗിരി ആശുപത്രിയില്‍ എത്തിയപ്പോഴാണ് സഹായി സ്വര്‍ണവുമായി കടന്നതാണെന്ന വിവരം അറിയുന്നത്. ആശുപത്രിയില്‍ എക്‌സ്‌റേയെടുക്കാന്‍ നേരം ജിബിന്റെ മൂന്നു പവനോളം തൂക്കം വരുന്ന സ്വര്‍ണമാല ഈ സഹായിയെ ഏല്‍പിച്ചിരുന്നു. ഇതുമായാണ് ഇയാള്‍ കടന്നു കളഞ്ഞത്.
സഹായി നല്‍കിയ ഫോണ്‍ നമ്പറും തെറ്റായിരുന്നു. ചെങ്ങന്നൂര്‍, തിരുവല്ല പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫോട്ടോയില്‍ കാണുന്ന ഈ തട്ടിപ്പുകാരനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ 9562236309, 9562236309 എന്ന നമ്പരുകളിലോ അറിയിക്കുക.