എറണാകുളം: പെരുമ്പാവൂരില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന മദ്ധ്യവയസ്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പെരുമ്പാവൂര്‍ മരയ്ക്കാര്‍ റോഡില്‍ വെള്ളരിങ്ങല്‍ വീട്ടില്‍ മാത്യൂവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കണ്ടിരുന്നില്ല. വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ തകര്‍ത്താണ് വീടിനുള്ളില്‍ കടന്നത്. ഇവര്‍ നടത്തിയ പരിശോധനയിലാണ് ഹാളിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറില്‍ ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രണ്ട് മക്കളും വിദേശത്ത് ജോലി ചെയ്ത് വരികയാണ്. മാത്യു ഹൃദ്രോഗിയായിരുന്നു എന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.