ചെന്നൈ: തമിഴ്നാട്ടില്‍ നടുറോഡില്‍ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു. കാരൈക്കുടി ജില്ലയിലാണ് സംഭവം. മധുര സ്വദേശി വിനിത് എന്ന അരിവഴകനാണ് കൊല്ലപ്പെട്ടത്. ഒരു കൊലപാതക കേസില്‍ ഉള്‍പ്പെട്ട 29 കാരനെയാണ് അഞ്ച് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്. കൊലക്കേസില്‍ ഉള്‍പ്പെട്ടതിന് വിനിത് പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ ഉത്തരവുണ്ടായിരുന്നു. വിനിത് റോഡിലേക്ക് ഇറങ്ങിയപ്പോള്‍ എസ്യുവിയിലെത്തിയ അഞ്ച് പേര്‍ വിനിതിനെ വളയുന്നതായും പിന്തുടരുന്നതായും പുറത്തുവന്ന സിസിടിവി വീഡിയോയില്‍ കാണാം.
വിനിത് നിലത്തേക്ക് വീണപ്പോള്‍ ആളുകള്‍ നോക്കിനില്‍ക്കെ ഇവര്‍ വിനിതിനെ വടിയും മറ്റും ഉപോയോഗിച്ച് മര്‍ദ്ദിക്കുന്നതായും വീഡിയോയില്‍ കാണാം. ഇതിനിടെ ഒരാള്‍ വിനിതിനെ രക്ഷിക്കാന്‍ വരുന്നതായും തുടര്‍ന്ന് അഞ്ചുപേരും കാറില്‍ കയറി രക്ഷപ്പെടുന്നതായും ദൃശ്യങ്ങളിലുണ്ട്. അവശനായി റോഡരികില്‍ കിടക്കുകയായിരുന്ന വിനിതിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.





























