തൃശൂർ : തൃശൂരിൽ ആൾക്കൂട്ട മർദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയിൽ. തൃശൂർ കിള്ളിമംഗലത്ത് ഇന്ന് പുലർച്ചെ രണ്ടു മണിയോടെ മർദനത്തിനിരയായ വെട്ടിക്കാട്ടിരി സ്വദേശി സന്തോഷാണ് ഗുരുതരാവസ്ഥയിലുള്ളത്. തലയ്ക്കാണ് ഇയാൾക്ക് പരിക്കേറ്റിരിക്കുന്നത്. അടയ്ക്കാ മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മർദനത്തിന്റെ ചിത്രങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വീട്ടിൽ സ്ഥിരമായി മോഷണം നടക്കുന്നതിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് മോഷണശ്രമം കണ്ടെത്തിയത്. ഗേറ്റ് ചാടിക്കടന്നപ്പോൾ പറ്റിയതാണ് പരിക്കെന്നാണ് നാട്ടുകാർ പറയുന്നത് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. അബ്ബാസെന്നയാളുടെ വീട്ടിൽ നിന്നാണ് സന്തോഷിനെ പിടികൂടിയത്. സന്തോഷ് ഇവിടെയെത്തുന്നതും അടയ്ക്ക വെക്കുന്ന ഇടത്തേക്ക് പോകുന്നതുമായി സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.