പാലക്കാട് : മോഷണക്കേസിലെ പ്രതിയെ പിടികൂടി ചോദ്യം ചെയ്തതിലൂടെ പുറത്തെത്തിയത് കൊലപാതകം. രണ്ട് മാസം മുമ്പ് തന്റെ സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് മുഹമ്മദ് ഫിറോസ് പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സുഹൃത്ത് ലക്കിടി മംഗലം സ്വദേശി ആഷിഖിന്റെ മൃതദേഹം കണ്ടെത്തി. പാലപ്പുറത്തെ വിജനമായ പറമ്പിലാണ് ആഷിഖിനെ ഫിറോസ് കുഴിച്ചുമൂടിയിരുന്നത്. ആഷിഖിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഫിറോസ് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡിസംബർ 17ന് രാത്രി യാണ് ഫിറോസ് കൃത്യം നടത്തിയത്.
ഒറ്റപ്പാലത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കൊലപാതകം നടന്നത്. മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കത്തി കൊണ്ട് ആക്രമിക്കാൻ ആദ്യം ശ്രമിച്ചത് ആഷിഖ് ആണെന്നും ഇതു തടയുന്നതിനിടയിലാണ് ആഷിഖിനെ ഫിറോസ് കുത്തിയതെന്നുമാണ് ഇയാളുടെ മൊഴിയിൽ പറയുന്നത്. ആഷിഖിന്റെ കഴുത്തിലാണ് കുത്തേറ്റത്. മൃതദേഹം പ്രതി പാലപ്പുറത്തെ വിചനമായ പറമ്പിലെത്തിച്ച് കുഴിച്ചിടുകയായിരുന്നു.
മൃതദേഹത്തിന്റെ കയ്യിലെ ചരടും മോതിരവും കണ്ട് മരിച്ചത് ആഷിഖ് തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കും. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. 2015ൽ നടത്തിയ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തത്. പട്ടാമ്പി ഓങ്ങല്ലൂരിലെ മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകൾ കവർന്ന കേസിലെ പ്രതിയാണ് ഫിറോസ്.