ചണ്ഡീഗഡ് : അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇരുപത്തിമൂന്നുകാരനായ പ്രതിയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഹരിയാനയിൽ 2018 ജൂണിലാണ് വിധിക്ക് ആസ്പദമായ സംഭവം നടന്നത്. ഡൽഹിയിൽ നിന്നും 79 കിലോമീറ്റർ അകലെ പൽവാൽ ജില്ല സ്വദേശിയാണ് പെൺകുട്ടി. ഭോലു എന്ന് വിളിക്കുന്ന വീരേന്ദർ എന്ന യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് ശേഷം കുത്തിക്കൊലപ്പെടുത്തിയത്. ഇയാളുടെ ജോലിക്കാരന്റെ മകളാണ് കൊലപാതകത്തിന് ഇരയായ പെൺകുട്ടി.
കുട്ടിയുടെ പിതാവുമായി നടന്ന തർക്കത്തിനൊടുവിലാണ് വീരേന്ദർ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തത്. കുട്ടിയുടെ പിതാവിനോടുള്ള ദേഷ്യം വർദ്ധിച്ചതിനെ തുടർന്ന് ഇയാൾ കുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം വയറ്റിൽ കുത്തി കൊലപ്പെടുത്തി. മൃതദേഹം ഗോതമ്പ് പൊടി ശേഖരിക്കുന്ന പാത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചു. കൊലപാതകത്തിന് സഹായം നൽകിയതിന്റെ പേരിൽ വീരേന്ദറിന്റെ അമ്മയ്ക്ക് കോടതി ഏഴുവർഷം തടവും 5000 രൂപ പിഴയും വിധിച്ചു.