അഹമ്മദാബാദ്: ഗുജറാത്തില്‍ മകളെ അച്ഛന്‍ കുത്തിക്കൊന്നു. 25 തവണ കുത്തേറ്റ് മകള്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുടുംബകലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സൂറത്തില്‍ മെയ് 18നായിരുന്നു സംഭവം. ഭാര്യയുടെ പരാതിയിലാണ് രാമാനുജയെ പോലീസ് അറസ്റ്റ് ചെയ്തത്. സൂറത്തില്‍ വാടകയ്ക്കാണ് കുടുംബം താമസിക്കുന്നത്. ഭാര്യയുമായുള്ള നിസാര വഴക്കിനെ തുടര്‍ന്നായിരുന്നു പ്രകോപനമെന്ന് പോലീസ് പറയുന്നു.
മകള്‍ ടെറസില്‍ ഉറങ്ങുന്നതിനെ ചൊല്ലിയാണ് ഇരുവരും വഴക്കിട്ടത്. കുപിതനായ രാമാനുജ ഭാര്യയും മറ്റു മക്കളും നോക്കിനില്‍ക്കെ കത്തി ഉപയോഗിച്ച് മകളെ ആക്രമിക്കുകയായിരുന്നു. മറ്റു മക്കള്‍ അച്ഛനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും മകളെ ആക്രമിക്കുന്നത് തുടര്‍ന്നു. അച്ഛന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട് തൊട്ടടുത്ത മുറിയിലേക്ക് പോയ മകളെ അവിടെ എത്തിയും ആക്രമിച്ചതായും പോലീസ് പറയുന്നു. തുടര്‍ന്ന് ടെറസിന്റെ മുകളിലേക്ക് കയറി ഭാര്യയെ ആക്രമിക്കാന്‍ തുടങ്ങി. മറ്റു മക്കള്‍ ഇടപെട്ടതിനാല്‍ അമ്മ പരിക്കുകളോടെ രക്ഷപെട്ടതായും പോലീസ് പറയുന്നു. മകളെ ആക്രമിക്കുന്ന അച്ഛന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.