ഹരിയാന : ഹരിയാനയിലെ ഗുരുഗ്രാമിൽ പശു ഇറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഗോ രക്ഷാ ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തിനിരയായ നൂഹ് സ്വദേശി ലുഖ്മാൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആക്രമണ സമയത്ത് ജനക്കൂട്ടവും പോലീസും നോക്കിനിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കേസിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. പിക്ക് അപ് വാനിൽ ഇറച്ചിയുമായി വരികയായിരുന്നു ഡ്രൈവറായ 25 വയസുകാരൻ ലുക്മാന്‍. 8 കിലോ മീറ്ററാണ് ഗോരക്ഷാ ഗുണ്ടകൾ ലുക്മാനെ പിന്തുടർന്നത്. ഗുരു ഗ്രാമിൽ വച്ച് വാഹനം തടഞ്ഞു. പോലീസും നാട്ടുകാരും നോക്കി നിൽക്കെ ഗോരക്ഷാ ഗുണ്ടകൾ ലുക്മാനെ മർദ്ദിച്ച് അവശനാക്കി. ശേഷം ബാദ്ഷാപൂരിൽ എത്തിച്ചും മർദ്ദിച്ചു.
ചുറ്റിക അടക്കം ഉപയോഗിച്ച് മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യാതെ പിടിച്ചെടുത്ത ഇറച്ചി പരിശോധനക്ക് അയക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ആരോപണമുയർന്നിട്ടുണ്ട്. പോത്തിറച്ചി ആയിരുന്നു വാഹനത്തിലെന്നും 50 വർഷമായി കച്ചവടം ചെയ്യുന്നുണ്ടെന്നും വാഹന ഉടമ പറഞ്ഞു. 2015 ൽ യുപി ദാദ്രിയിൽ അഖ് ലാഖിനെ കൊലപ്പെടുത്തിയതിന് സമാനമായിരുന്നു ലുക്മാന് നേരെയുള്ള ആക്രമണം.