തിരുവനന്തപുരം : പാറശാലയില്‍ കിണര്‍ കുഴിക്കുകയായിരുന്ന തൊഴിലാളിയെ മുകളില്‍ നിന്നും കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം. പാറശ്ശാല സ്വദേശി സാബുവിനാണ് സുഹൃത്തിന്റെ കല്ലേറില്‍ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണി നടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ കല്ലുകളെടുത്ത് ഇടുകയായിരുന്നു. കല്ല് ദേഹത്ത് വീണ് കുഴഞ്ഞ് കിണറ്റിനുള്ളിലേക്ക് വീണുപോയ സാബുവിനെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.
ബിനുവിനെ പോലീസ് തിരയുകയാണ്. ഇയാള്‍ ഒളിവില്‍ പോയതായാണ് സൂചന. സാബുവും ബിനുവും നേരത്തെ ഒരുമിച്ച് ജോലിചെയ്യുന്നവരായിരുന്നു. കൂലിത്തര്‍ക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സാബു നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്. ബിനുവിന് തന്നോട് മുന്‍ കാല വൈരാഗ്യമുണ്ടെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്നും പരിക്കേറ്റ സാബു പറഞ്ഞു. അസഭ്യം വിളിച്ചു പറഞ്ഞുവെന്നും കൊല്ലാനായി രണ്ട് പ്രാവശ്യം കിണറ്റിലേക്ക് കല്ലെടുത്തിട്ടുവെന്നും സാബു പ്രതികരിച്ചു.