തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്തംബർ മാസത്തെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടി മാനേജ്മെന്‍റ്. 50 കോടി രൂപയാണ് ശമ്പളത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് നാളെ തുടങ്ങുകയാണ്. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകില്ലെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.
8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്.