അങ്കമാലി : ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജരെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. ചാലക്കുടി മേലൂർ പൂഞ്ഞക്കാരൻ വീട്ടിൽ തങ്കച്ചൻ (46) നെയാണ് അങ്കമാലി പോലീസ് അറസ്റ്റു ചെയ്തത്. വളഞ്ഞമ്പലത്ത് സ്കൈ ലിങ്ക് ഇന്റർനാഷണൽ ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജരായ ഒറ്റപ്പാലം സ്വദേശി ഉണ്ണികൃഷ്ണനെയാണ് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ തട്ടിക്കൊണ്ടു പോയത്. ഇയാളെ മണിക്കൂറുകൾ നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ പോലീസ് മോചിപ്പിച്ചു.
വിദേശത്ത് ജോലിക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ് പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടുന്ന മൂന്നുപേരിൽ നിന്ന് ഒരുവർഷം മുമ്പ് എട്ടരലക്ഷത്തോളം രൂപ ഇയാൾ വാങ്ങിയിരുന്നു. ഇതിന്റെ പേരിൽ അഞ്ചംഗം സംഘം രണ്ടു വാഹനങ്ങളിലായി അങ്കമാലിയിൽ നിന്നും ഇയാളെ തട്ടി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തങ്കച്ചന്റെ വാഹനത്തിൽ നിന്നും ഇയാളെ കണ്ടെത്തുകയായിരുന്നു.
ഡി.വൈ.എസ്.പി ശിവൻ കുട്ടി, എസ്.എച്ച്.ഒ സോണി മത്തായി, എ.എസ്.ഐ മാർട്ടിൻ , എസ്.സി.പി.ഒ മാരായ ഷൈജു അഗസ്റ്റിൻ, ജിമോൻ , ജിജോ, സാനി തോമസ്, ജിൻസൻ, പ്രസാദ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കൂടുതൽ പ്രതികൾ ഉടൻ പിടിയിലാക്കുമെന്ന് എസ്.പി കാർത്തിക് പറഞ്ഞു.