തിരുവല്ല : എസ്എൻഡിപി യോഗം തിരുവല്ല യൂണിയൻന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 20വരെ നടക്കുന്ന 16-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷന്റെ ഭാഗമായി തിരുവല്ല യൂണിയനിലെ ആറു മേഖലകളായി 48 ശാഖകളുടെ പങ്കാളിത്തത്തോടെ വിളംബര ഘോഷയാത്രകൾ സംഘടിപ്പിച്ചു.
തിരുവല്ല ടൗൺ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് മനയ്ക്കച്ചിറ ശ്രീനാ രായണ കൺവെൻഷൻ നഗറിലേക്ക് ആരംഭിച്ച സംയുക്ത ഘോഷയാത്ര എസ്എൻഡിപി യോഗം ഇൻസ്പെക്ടിംഗ് ഓഫിസർ എസ് രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. കൺവൻഷൻ വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കര പറമ്പിൽ, ജനറൽ കൺവീനറും യൂണിയൻ അഡ്‌മിനിസ്ട്രേറ്ററുമായ സ ന്തോഷ് ശാന്തി, കൺവീനർ വി.എസ്.അനീഷ്, വിവിധ മേഖലാ, ശാഖാ യോഗം ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
സഹോദരൻ അയ്യപ്പൻ മേഖലയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്ന് ദിവ്യജ്യോതിയും സി. കേശവൻ മേഖലയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പാറയ്ക്കൽ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് പുണ്യതീർഥവും ഡോ.പൽപ്പു മേഖലയുടെ ആഭിമുഖ്യത്തിൽ പരുമല ഈസ്റ്റ് ശാഖയുടെ ക്ഷേത്രാങ്കണത്തിൽ നിന്ന് കൊടിയും ആർ.ശങ്കർ മേഖലയുടെ നേതൃത്വത്തിൽ നെടുമ്പ്രം ഈസ്റ്റ് ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് കൺവൻഷൻ നഗറിൽ പ്രതിഷ്ഠിക്കാനുള്ള ഗുരുദേവ വിഗ്രഹവും കുമാരനാശാൻ മേഖലയുടെ ആഭിമുഖ്യത്തിൽ കോട്ടാങ്ങൽ ശാഖാ ക്ഷേത്രാങ്കണത്തിൽ നിന്ന് കൊടിക്കയറും ടി.കെ.മാധവൻ മേഖലയുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് കൊടിമരഘോഷയാത്രയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുവല്ല ടൗൺ ശാഖാങ്കണത്തിൽ എത്തിച്ചേർന്നു.