മാനന്തവാടി: വില്ലേജോഫീസില്‍ നിന്നും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതുകൊണ്ട് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബിരുദ കോഴ്‌സിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയാണ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത്. വില്ലേജ് ഓഫിറുടെ അനാസ്ഥ കാരണമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനാകാഞ്ഞത്. മൂന്ന് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ബിരുദ പരീക്ഷ എഴുതാനാനുള്ള അവസരം നഷ്ടമായി.
റേഷന്‍ കാര്‍ഡ്, ആധാര്‍, എസ്എസ്എല്‍സി ബുക്ക് എന്നീ രേഖകള്‍ ഉണ്ടായിട്ടും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാണ് പരാതി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബിഎ സോഷ്യോളജി കോഴ്‌സിന് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇവര്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 22 ന് കുട്ടികള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കത്ത് ലഭിച്ചിരുന്നു. തുടര്‍ന്ന് വില്ലേജോഫീസില്‍ പോയി. പലതവണ വില്ലേജോഫീസില്‍ പോയിട്ടും ജനന സര്‍ട്ടിഫിക്കറ്റില്ലെന്ന കാരണം പറഞ്ഞ് തിരിച്ചയച്ചെന്ന് കുട്ടികള്‍ പറയുന്നു. ഒടുവില്‍ തഹസില്‍ദാര്‍ ഇപെട്ടാണ് ഈ മാസം 22 ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ പരീക്ഷാ ഫീസും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ട അവസാന തീയതി കഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ അടുത്ത മാസം അഞ്ചാം തിയതി നടക്കുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഈ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാന്‍ കഴിയില്ല.