കോട്ടയം : മണര്‍കാട് ക്രൗണ്‍ ക്ലബ്ബില്‍ ചീട്ടുകളി പിടിച്ച സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. കേസിന്റെ വിശദ വിവരങ്ങള്‍, എഫ്‌ഐആര്‍ പകര്‍പ്പ് എന്നിവ നല്‍കാന്‍ ഇഡി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിനു കത്തു നല്‍കി. ചീട്ടുകളി കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 43 പേരെ അറസ്റ്റ് ചെയ്യുകയും 17.88 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇത്രയും തുക എവിടെ നിന്നു വന്നുവെന്നാണ് ഇഡി അന്വേഷിക്കുന്നത്. സെക്രട്ടറി മാലം സുരേഷ്, പ്രസിഡന്റ് സന്തോഷ് എന്നിവരെ ഇതുവരെ അന്വേഷണ സംഘത്തിനു ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 43 പ്രതികളില്‍ 33 പേരെ ചോദ്യം ചെയ്തു. മറ്റുള്ളവര്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ആയതിനാലും ഇതര ജില്ലകളില്‍ നിന്നുള്ളവര്‍ ആയതിനാലും ചോദ്യം ചെയ്യലിന് എത്താന്‍ പറ്റുന്നില്ലെന്ന് ഡിവൈഎസ്പി ജെ.സന്തോഷ് കുമാര്‍ പറഞ്ഞു.