കൊച്ചി : മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രാഖിലിനു പിസ്റ്റള്‍ നല്‍കിയ ആളെ ബിഹാറില്‍ നിന്ന് കോതമംഗലം എസ്.ഐ യുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്. ഇതോടെ കേസില്‍ വഴിത്തിരിവുണ്ടാകുകയാണ്. രാഖിലിന്റെ സുഹൃത്തില്‍ നിന്നാണു പോലീസിനു തോക്ക് നല്‍കിയയാളെക്കുറിച്ച് വിവരം ലഭിച്ചതെന്നാണു സൂചന.
കോതമംഗലം കേസില്‍ ഈ അറസ്റ്റ് നിര്‍ണ്ണായകമാണ്. രാഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്‌സി ഡ്രൈവറെ തിരയുന്നുണ്ട്. പട്‌നയില്‍നിന്ന് ഇയാളുടെ സഹായത്തോടെ രാഖില്‍ മുന്‍ഗറില്‍ എത്തി. ഇവിടെ നിന്ന് തോക്ക് വാങ്ങി. പിടികൂടുമ്പോള്‍ സോനുവിന്റെ സംഘം എതിര്‍ത്തെങ്കിലും പോലീസ് വകവച്ചില്ല. മുന്‍ഗര്‍ എസ്.പി യുടെ സ്‌ക്വാഡും ഒപ്പമുണ്ടായിരുന്നതു കേരള പോലീസിനു സഹായമായി. പോലീസ് സംഘം വെടിയുതിര്‍ത്തു. ഇതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു.
ബിഹാര്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്.ഐ മാഹിനിന്റെ നേതൃത്വത്തില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നു മജിസ്‌ട്രേട്ട് അശ്വിനി കുമാര്‍ കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലേക്ക് ട്രാന്‍സിറ്റ് വാറന്റ് അനുവദിച്ചു. അതേസമയം ഇവരിലേക്ക് രാഖില്‍ എത്തിയതെങ്ങനെ എന്ന വിവരവും പോലീസിന് ലഭ്യമായിട്ടുണ്ടെന്നാണ് സൂചന.
കോതമംഗലം ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി.വി മാനസ (24) യെ കണ്ണൂര്‍ മേലൂര്‍ പാലയാട് സ്വദേശിയായ രാഖില്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളും സ്വയം വെടിവച്ച് മരിച്ചു.