കൊച്ചി : കോതമംഗലത്ത് ഡെന്റല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മാനസയെ യുവാവ് വെടിവെച്ച് കൊല്ലുകയും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി വി മാനസ (24) ആണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയായ രാഖില്‍ എന്ന യുവാവാണ് കൊല ചെയ്തത്. കൃത്യം നടത്തിയതിനു ശേഷം പ്രതി ജീവനൊടുക്കിയത്.
മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ ഡിവൈ എസ് പിയുടെ സാന്നിധ്യത്തില്‍ പിന്നീട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രാഖില്‍ ഉറപ്പു നല്‍കിയതിനാലാണ് പോലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ പക വളര്‍ന്നതാണ് മാനസയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന.
കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു തന്നെയാണ് രാഖില്‍ കോതമംഗലത്ത് എത്തിയതെന്നു പോലീസ് പറയുന്നു. രാഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് പരിശോധിക്കുന്നു. രാഖിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്.
മാനസ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് പരിശോധിക്കും. ഇതിലേക്കു വന്ന കോളുകളും രാഖിലിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങളും പരിശോധിച്ചാല്‍ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് അറിയാനാകുമെന്നാണ് പോലീസ് കരുതുന്നത്. രാഖില്‍ ക്ലോസ് റേഞ്ചില്‍ വെടിവെയ്ക്കുകയായിരുന്നു. ചെവിക്കുപിന്നില്‍ വെടിയേറ്റ മാനസ ഉടന്‍ തന്നെ നിലത്തു വീണു. രാഹിലും സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നു.
മകള്‍ മാനസ വെടിയേറ്റ് മരിച്ചത് അറിയാതെ പിതാവ് മാധവന്‍ എറണാകുളത്തേക്ക് തിരിച്ചു. സംഭവം അറിഞ്ഞ ബന്ധുക്കള്‍ വിളിക്കുന്നുണ്ടെങ്കിലും ആരും മാനസക്ക് എന്തു സംഭവിച്ചെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ തന്റെ മകള്‍ക്ക് എന്തോ അപകടം സംഭവിച്ചുവെന്ന് മാത്രം അദ്ദേഹത്തിന് മനസ്സിലായി. വിളിക്കുന്നവരോടെല്ലാം താന്‍ എറണാകുളത്തേക്ക് പോകുകയാണെന്ന് മറുപടി നല്‍കി.