കണ്ണൂര്‍ : കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്താന്‍ രാഖില്‍ ഉപയോഗിച്ച തോക്ക് വാങ്ങിയത് ബിഹാറില്‍ നിന്നെന്ന് സൂചന. രാഖില്‍ ബിഹാറില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്തിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചു. എല്ലാം കരുതിക്കൂട്ടിയാണെന്ന സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇപ്പോഴത്തെ നിലയില്‍ തോക്കിന്റെ ഉറവിടം തേടിയുള്ള അന്വേഷണം കേരളത്തിന് വെളിയിലേക്കും നീളുകയാണ്.
ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രാഖില്‍ പോയതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഇന്റര്‍നെറ്റില്‍ നിന്നാണ് തോക്ക് ബിഹാറില്‍ കിട്ടുമെന്ന് രാഖില്‍ മനസിലാക്കിയത്. തുടര്‍ന്ന് തോക്ക് സംഘടിപ്പിക്കാന്‍ ബിഹാറിലേക്ക് പുറപ്പെടുകയായിരുന്നു.ബിഹാറിലെത്തിയ രാഖില്‍ നാലിടങ്ങളിലായി 8 ദിവസം ഇവിടെ തങ്ങുകയുമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചിരുന്നത്.
മാനസയുടെ കുടുംബം നല്‍കിയ പരാതിയില്‍ ജൂലൈ 7 ന് പോലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാര്‍ യാത്ര. ഇതോടെ രാഖില്‍ എല്ലാം മനസ്സില്‍ ഉറപ്പിച്ചിരുന്നു എന്ന് വ്യക്തമാകുകയാണ്. രാഖിലിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പോലീസ് പരിശോധിക്കും. കണ്ണൂരില്‍ എത്തിയ അന്വേഷണ സംഘം രാഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു. കൊല നടത്താന്‍ രാഖില്‍ ഉപയോഗിച്ചത് പഴയ തോക്കാണെന്ന് വ്യക്തമായിട്ടുണ്ട്. 7.62 എംഎം പിസ്റ്റളില്‍ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാന്‍ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. പിന്നാലെ ഇയാള്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.
കൊല്ലപ്പെടുന്നതിന് അടുത്ത ദിവസങ്ങളില്‍ രാഖില്‍ നാല് തവണ മാനസയോട് സംസാരിച്ചുവെന്നാണ് രാഖിലിന്റെ കമ്പിനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യന്റെ പ്രതികരണം. മാനസ അവഗണിച്ചതോടെ രാഖിലിന് പകയായി. രാഖിലിന് കൗണ്‍സിലിങ് നല്‍കണമെന്ന് കുടുംബത്തെ താന്‍ അറിയിച്ചിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞു. പഠിച്ച സ്ഥലമായ ബംഗളൂരുവില്‍ രാഖിലിന് ബന്ധങ്ങളുണ്ട്. ഇന്റീരിയര്‍ ഡിസൈനിംഗിനുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. എന്നാല്‍ തോക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് തനിക്കറിയില്ലെന്നും ആദിത്യന്‍ പറഞ്ഞു.