മാനന്തവാടി: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നവരെ പൊക്കാന്‍ ഇറങ്ങിയ പോലീസിന് കയ്യില്‍ കിട്ടിയത് രണ്ടു വയസ്സുകാരിയെ. മാനന്തവാടിയിലാണ് സംഭവം. കുട്ടി തനിയെ റോഡില്‍ നടക്കുന്നതു കണ്ട പോലീസാണ് കുഞ്ഞിനെ സുരക്ഷിതമായി വീട്ടില്‍ എത്തിച്ചത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പതിവ് പട്രോളിംഗിനിടെയാണ് റോഡിലൂടെ തനിച്ച് നടന്നു പോകുന്ന പെണ്‍കുഞ്ഞ് പോലീസ് സംഘത്തിന്റെ കണ്ണില്‍ പെട്ടത്. ഉടന്‍ തന്നെ പോലീസ് ഡ്രൈവര്‍ കെ ഇബ്രാഹിം കുഞ്ഞിനെ എടുത്ത് വീട് കണ്ടെത്തി അമ്മയെ ഏല്‍പിക്കുകയായിരുന്നു. കുഞ്ഞിനെയും കൊണ്ട് പോലീസ് എത്തിയപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്.
റോഡിന്റെ വശത്തുള്ള തന്റെ വീട്ടില്‍ നിന്ന് കുഞ്ഞ് 50 മീറ്ററോളം നടന്നിരുന്നുവെന്ന് പോലീസ് പറയുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ എസ് സി പിഒ കെ എന്‍ സുനില്‍ കുമാര്‍ പകര്‍ത്തിയ ചിത്രം ജില്ലാ പോലീസ് മേധാവി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.