മാഞ്ചസ്റ്റര്‍ : കൊവിഡ് ആശങ്കയെ തുടർന്ന് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഇന്ന് തുടങ്ങാൻ സാധ്യതയില്ല എന്ന് സ്ഥിരീകരിക്കാത്ത വിവരം. ഇംഗ്ലണ്ടിൽ കമന്റേറ്ററായുള്ള ദിനേശ് കാർത്തിക്കാണ് മത്സരം മാറ്റിവച്ചതായി ട്വീറ്റ് ചെയ്തത്. രണ്ട് ദിവസം വൈകി മത്സരം തുടങ്ങാനാണ് ആലോചന. എന്നാൽ ഇക്കാര്യം ഇംഗ്ലീഷ് ബോർഡോ ബിസിസിഐയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മുഖ്യ പരിശീലകൻ രവി ശാസ്ത്രി അടക്കം ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിലെ നാല് പേർക്ക് ഇതിനകം കൊവിഡ് പിടിപെട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. മാഞ്ചസ്റ്ററിൽ വൈകിട്ട് മൂന്നരയ്‌ക്കാണ് കളി തുടങ്ങേണ്ടത്. ടീമിലെ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനാൽ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യത കുറവാണ് എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അഞ്ചാം ടെസ്റ്റ് സമനിലയിലായാലും 2-1ന് മുന്നിലുള്ള ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. മാഞ്ചസ്റ്ററിൽ തോൽവി ഒഴിവാക്കിയാൽ ഓസ്‌ട്രേലിയക്ക് പിന്നാലെ ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ നായകനാവാൻ വിരാട് കോലിക്ക് കഴിയും.