കൊച്ചി : കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും സി.കെ.ജാനുവും തമ്മിലുള്ള പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടതോടെയാണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ട്രഷറര്‍ പ്രസീത ശ്രദ്ധേയയാവുന്നത്. താനും കെ.സുരേന്ദ്രനും തമ്മിലുള്ള സംസാരത്തിന്റെ ശബ്ദരേഖ പുറത്തു വിട്ടുകൊണ്ടായിരുന്നു പ്രസീത ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതിനു ശേഷം തന്നെ വ്യക്തിഹത്യ ചെയ്യാനും ആക്ഷേപിക്കാനും വിവിധ കോണുകളില്‍ നിന്നും സംഘടിത ശ്രമം നടക്കുന്നതായാണ് പ്രസീത പറയുന്നത്.
ബിജെപിയുമായി ബന്ധപ്പെട്ടവരാണ് സമൂഹമാധ്യമങ്ങളില്‍ തന്നെ അപമാനിക്കുന്നതെന്നും സരിത 2.0 എന്ന് വിളിച്ചു കൊണ്ട് ഇവര്‍ തനിക്ക് പേഴ്‌സണല്‍ മെസേജുകള്‍ അയയ്ക്കുന്നതായും പ്രസീത പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. കെ.സുരേന്ദ്രനും ജാനുവും തമ്മില്‍ പത്ത് ലക്ഷത്തിന്റെ ഇടപാട് മാത്രമല്ല നടന്നിരിക്കുന്നത്. ബത്തേരിയില്‍ തെരഞ്ഞെടുപ്പിനിടെ കൂടുതല്‍ തുക കൈമാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സി.കെ. ജാനുവുമായും കെ.സുരേന്ദ്രനുമായും താന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡിംഗ്‌സ് ഇനിയും കൈവശമുണ്ടെന്നും കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ ഇതും പുറത്തുവിടേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. മാര്‍ച്ച് ഏഴിന് ജാനു തിരുവനന്തപുരത്ത് ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്നു ചോദിച്ച് സുരേന്ദ്രന്‍ വിളിച്ചിരുന്നതായും ഇതിന്റെ റെക്കോര്‍ഡിംഗ്‌സ് കൈവശമുണ്ടെന്നും പ്രസീത പറഞ്ഞു.
ഹോട്ടലിലെത്തിയ സുരേന്ദ്രന്‍ തങ്ങളോട് പുറത്തു നില്‍ക്കാന്‍ പറഞ്ഞതായും സുരേന്ദ്രന്‍ പോയ ശേഷം പണം കിട്ടിയതായി ജാനു പറഞ്ഞതായും പ്രസീത പറഞ്ഞു. തയ്യല്‍ക്കട നടത്തുന്നതിനാല്‍ ആളുകള്‍ വിളിച്ച് വസ്ത്രത്തിന്റെ അളവും മറ്റും പറയുന്നതിനാലാണ് ഫോണില്‍ എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യുന്നതെന്നും ഇത് ഇപ്പോള്‍ ഉപകാരമായെന്നും അവര്‍ പറഞ്ഞു. ഇനിയും പ്രകോപനം തുടര്‍ന്നാല്‍ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു പറയേണ്ടിവരുമെന്നും പ്രസീത പറഞ്ഞു.