പമ്പ : ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് കാനനപാതകളിലും മറ്റിടങ്ങളിലും എത്തുന്ന കാട്ടാനകളെ തുരത്താൻ 48 അംഗ സ്‌ക്വാഡ് രൂപവത്കരിക്കും. ഇവർ 24 മണിക്കൂറും ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ തയ്യാറായി നിൽക്കും. കൂടാതെ അഞ്ചംഗ സ്നേക്ക് റെസ്‌ക്യൂ ടീമും ഇവിടങ്ങളിലുണ്ടാകും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ പമ്പയിൽ നടന്ന തീർഥാടന അവലോകന യോഗത്തിന്റേതാണ് തീരുമാനം. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ പുല്ലുമേട്, പ്ലാപ്പള്ളി, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആർ.ആർ.ടി. ടീമുകളും ഉണ്ടാകും.
തീർഥാടകർക്ക് സേവനം നൽകുന്നതിനായി 1500-ൽപരം അംഗങ്ങളെ ഉൾപ്പെടുത്തി 135-ലധികം സേവനകേന്ദ്രങ്ങൾ ആരംഭിക്കുന്നുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി സന്നിധാനത്തുനിന്നും പമ്പയിൽനിന്നും 90 കാട്ടുപന്നികളെ സുരക്ഷിതമായി ഉൾക്കാട്ടിലേക്ക് മാറ്റി. തീർഥാടനപാതകളിൽ അപകടകരമായി നിന്നിരുന്ന മരങ്ങളും മുറിച്ചുമാറ്റി. ആരോഗ്യവകുപ്പുമായി ചേർന്ന് കരിമല, മഞ്ഞപ്പൊടിത്തട്ട്, കരിക്കിലാംതോട്, പുല്ലുമേട്, ചരൽമേട്, അപ്പാച്ചിമേട്, പതിമൂന്നാം വളവ് എന്നിവിടങ്ങളിൽ വൈദ്യസഹായകേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായി വനം വകുപ്പിന്റെ സംസ്ഥാനതല കോഡിനേറ്ററായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഫീൽഡ് ഡയറക്ടർ പ്രോജക്ട് ടൈഗർ കോട്ടയത്തിനെ നിയമിച്ചു. വനം വകുപ്പ് ശബരിമല തീർഥാടകർക്കായി തയ്യാറാക്കിയ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യാവുന്ന ‘അയ്യൻ’ മൊബൈൽ ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പും പുറത്തിറക്കി.