പന്തളം : തീർഥാടനത്തിനുമുമ്പ് ദേവസ്വംബോർഡിന്റെ പണികൾ പന്തളത്ത് ആരംഭിച്ചെങ്കിലും മണ്ഡലകാലാരംഭത്തിനുമുമ്പ് പൂർത്തിയാകുമോയെന്ന് ആശങ്ക. വലിയ പണികൾ പൂർത്തിയാക്കാൻ സമയമെടുക്കും. കഴിഞ്ഞ മണ്ഡലകാലം കഴിഞ്ഞ് എട്ടുമാസത്തെ കാത്തിരിപ്പിനുശേഷം പദ്ധതികൾ തയ്യാറാക്കി ടെൻഡർചെയ്ത് പണി ആരംഭിച്ചപ്പോഴേക്കും ഒക്ടോബറായിരുന്നു. ഇത്തവണ വലിയ പണികളായതിനാൽ സമയം കൂടുതൽ വേണ്ടിവരും. ക്ഷേത്രത്തിനുസമീപമുള്ള പഴയ വിശ്രമമന്ദിരത്തിന്റെ ഭിത്തികൾ പൊളിച്ച് ഇവിടെ കടമുറികൾ പണിയുന്ന ജോലി പൂർത്തിയായിവരുന്നു. എന്നാൽ സമീപത്തുള്ള അന്നദാനമണ്ഡപത്തിനു താഴെ വാഹനം നിർത്തിയിടുന്നതിനായി വഴിയൊരുക്കുന്ന ജോലിക്കും രണ്ട് വലിയ സെപ്റ്റിക് ടാങ്കുകളുടെ പണിക്കുമാണ് കൂടുതൽ സമയമെടുക്കുന്നത്. കോൺക്രീറ്റായാതിനാൽ ഉറയ്ക്കുന്നതുവരെ ഇത് തുറന്നുകൊടുക്കാനും കഴിയില്ല.
ദേവസ്വംബോർഡ് പന്തളത്തുമാത്രം 76,39,821 രൂപയുടെ പദ്ധതികളാണ് നടത്തുന്നത്. ഇതിൽ 8,64,941 രൂപ പുനരുദ്ധാരണപ്പണികൾക്കും 67,74,880 രൂപ പുതിയ പദ്ധതികൾക്കുമാണ് വിനിയോഗിക്കുന്നത്. ശൗചാലയം ശുചീകരണം, സെപ്റ്റിക് ടാങ്ക് വെയ്ക്കൽ, ക്ഷേത്ര പുനരുദ്ധാരണം, പന്തൽ, മിനുക്കുപണികൾ, തകരാറിലായ സെപ്റ്റിക് ടാങ്ക് മാറ്റിവെയ്ക്കൽ, അന്നദാന മണ്ഡപത്തിനുസമീപം സെപ്റ്റിക് ടാങ്ക്, അന്നദാന മണ്ഡപത്തിന് ചുറ്റുമതിൽ നിർമാണം തുടങ്ങിയ പണികളും ഇതോടൊപ്പം തീർക്കേണ്ടതുണ്ട്. നഗരസഭ പണിയുന്ന ശൗചാലയങ്ങളുടെ രണ്ടാംഘട്ടം കോൺക്രീറ്റിങ് ഘട്ടത്തിലെത്തി നിൽക്കുന്നതേയുള്ളൂ. പഴയ ശൗചാലയത്തിന് സമീപത്താണ് ഇത് പണിയുന്നത്. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതുകാരണം കുളിക്കടവുകളിലെ സുരക്ഷിതവേലി കെട്ടൽ തുടങ്ങാനായിട്ടില്ല. ജലനിരപ്പ് താഴ്‌ന്നില്ലെങ്കിൽ കടവിനോടുചേർന്ന് വേലിതീർത്ത് സുരക്ഷയൊരുക്കാനാണ് തീരുമാനം. തെരുവുവിളക്കുൾപ്പെടെ നഗരസഭ ചെയ്യേണ്ട പണികളും തീരാനുണ്ട്.