കാഞ്ഞങ്ങാട്: ട്രെയിന്‍ സര്‍വീസുകള്‍ പരിമിതമായ കാസര്‍കോട് ജില്ലയുടെ നെഞ്ചില്‍ ചവിട്ടി മംഗള എക്സ്‌പ്രസിന്റെ കാഞ്ഞങ്ങാട്, നീലേശ്വരം സ്റ്റോപ്പുകള്‍ എടുത്തു കളയുന്നു. മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചറിനെ എക്സ്‌പ്രസ് ട്രെയിനാക്കിയും ക്ഷമ പരീക്ഷിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഡിസംബര്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ റെയില്‍വേ ടൈം ടേബിളില്‍ ജനദ്രോഹ മാറ്റങ്ങള്‍ നടപ്പിലാക്കും.
തീവണ്ടികളുടെ വേഗത കൂട്ടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി 10,200 സ്റ്റോപ്പുകള്‍ എടുത്തു കളയാനാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം. ഇതനുസരിച്ച് എറണാകുളം-ന്യൂ ഡല്‍ഹി മംഗള സൂപ്പര്‍ ഫാസ്റ്റ് എക്സ്‌പ്രസിന്റെ കേരളത്തിലെ സ്റ്റോപ്പുകളിലും കുറവ് വരും. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, കൊയിലാണ്ടി, ഫറോക്, പരപ്പനങ്ങാടി, കുറ്റിപ്പുറം, പട്ടാമ്ബി എന്നീ സ്റ്റേഷനുകളില്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഈ സൂപ്പര്‍ ഫാസ്റ്റ് എക്സ്‌പ്രസ് തീവണ്ടി നിര്‍ത്തേണ്ടതില്ല എന്നാണ് നിര്‍ദ്ദേശം.
കൂടാതെ 200 കിലോ മീറ്ററിലധികം ഓടുന്ന എല്ലാ പാസഞ്ചര്‍ വണ്ടികളും എക്സ്‌പ്രസ് ആയി ഉയര്‍ത്താനും പദ്ധതിയിട്ടിട്ടുണ്ട്. ഇതനുസരിച്ചു മംഗളൂരു-കോയമ്പത്തൂര്‍, മംഗളൂരു-കോഴിക്കോട് വണ്ടികള്‍ എക്സ്‌പ്രസ് ആയി പരിണമിക്കും.
അതോടെ സ്പീഡ് കൂടുമെങ്കിലും കുറേ സ്റ്റോപ്പുകള്‍ ഇല്ലാതാവുകയും ടിക്കറ്റ് നിരക്ക് ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്യും. ഇപ്പോള്‍ പാസഞ്ചര്‍ വണ്ടിയുടെ ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 10 രൂപയാണെങ്കില്‍ എക്സ്‌പ്രസില്‍ അത് മൂന്നിരട്ടിയായ 30 രൂപയാണ്. ലാഭകരമല്ലാത്ത കുറെ വണ്ടികള്‍ നിര്‍ത്താനും വിവിധ ഹാള്‍ട്ട് സ്റ്റേഷനുകള്‍ പൂര്‍ണമായി ഇല്ലാതാക്കാനും നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ വര്‍ഷം തെക്കോട്ടു ഹാള്‍ട്ട് സ്റ്റേഷന്‍ നിര്‍ത്തലാക്കിയത് ദേര്‍ലകട്ടെ, മുടിപ്പ് ഭാഗങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന കാസര്‍കോട്ടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തീവണ്ടി സര്‍വീസുകളുടെ ചാര്‍ജുകള്‍ പതിവിലധികം വര്‍ധിപ്പിച്ചിരുന്നു. സേവന മേഖലയാണെന്ന കാര്യം സര്‍ക്കാര്‍ മറക്കുന്നതായാണ് ആക്ഷേപം.