കോട്ടയം : ഗാന്ധി ഘാതകനുപോലും വീര പരിവേഷം നല്‍കുന്ന അപകടകരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു. രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ കൊച്ചിടപ്പാടിയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.
എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ചെറുക്കാനുള്ള ഇച്ഛാശക്തി ഇന്ത്യന്‍ ജനത ആര്‍ജ്ജിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി. അഹിംസ പ്രധാന സമരമാര്‍ഗമായി ജനങ്ങള്‍ക്കു സമ്മാനിച്ച ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്കുള്ള പ്രസക്തി കലുഷിതമായ ലോകത്ത് അനുദിനം വര്‍ദ്ധിച്ചുവരുന്നതായും എംഎല്‍എ പറഞ്ഞു.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിജി ടോണി തോട്ടം, ജെയിസണ്‍ പുത്തന്‍കണ്ടം, തങ്കച്ചന്‍ മുളകുന്നം, ബേബി സൈമണ്‍, ജോസ് മുകാല, അര്‍ജുന്‍ സുരേഷ്കുമാര്‍, ജോസഫ് കുര്യന്‍, കാതറീന്‍ റബേക്കാ എന്നിവര്‍ പങ്കെടുത്തു.