കോന്നി : ആനക്കുട്ടികളുടെ അഭാവവും കോന്നി ആനത്താവളത്തിലെ പ്രധാന ആകർഷണമായിരുന്ന കോന്നി സുരേന്ദ്രനെ കുങ്കി പരിശീലനത്തിന് കൊണ്ടുപോയതുകൊണ്ടും മൂകമായിരുന്ന കോന്നി ആനത്താവളം കുട്ടിക്കൊമ്പൻ മണികണ്ഠന്റെ വരവോടെ ഉത്സവ ലഹരിയിലായി.
പത്ത് വർഷത്തിന് ശേഷം ലഭിക്കുന്ന രണ്ട് മാസം പ്രായമുള്ള കുട്ടിക്കൊമ്പൻ എന്ന പ്രത്യേകതയും മണികണ്ഠനുണ്ട്. പുലർച്ചെ ആറുമണിയോടെ ആണ് മണികണ്ഠനെ കോന്നി ആനത്താവളത്തിൽ എത്തിക്കുന്നത്. നിലമ്പൂരിലെ ഫോറസ്റ്റ് വാച്ചര്‍മാരായ രാജനും സുബ്രഹ്‌മണ്യനും ആനക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്നു. വാച്ചർമാരിൽ രാജനോടാണ് മണികണ്ഠന് കൂടുതൽ ഇഷ്ടം. കോന്നി ആനത്താവളത്തിലെ പാപ്പാൻ ഷംസുവിനൊപ്പം കൊച്ചു കുഞ്ഞിനെ പോലെ മണികണ്ഠൻ കുറുമ്പുകാട്ടിയതും സന്ദർശകരിൽ കൗതുകമുണർത്തി.
നിലമ്പൂരിൽ നിന്നും മണിക്കൂറുകളോളം യാത്ര ചെയ്തതിനാലാവാം നല്ല വിശപ്പുണ്ടായിരുന്നു കുട്ടിക്കൊമ്പന്. ലാക്ടോജൻ അടങ്ങിയ പോഷക സമൃദ്ധമായ പാൽ മതിവരുവോളം പാപ്പാന്മാർ അവന് നൽകി. ഇടക്ക് കുസൃതി കാട്ടിയ കുട്ടിക്കൊമ്പൻ കമ്പകത്തടിയിൽ തീർത്ത ആനക്കൂടിന്റെ അഴികൾക്കിടയിലൂടെ പുറത്ത് ചാടാനും ശ്രമം നടത്തി. ആനത്താവളത്തിൽ എത്തിയ കുഞ്ഞ് അതിഥിയെ കാണുവാൻ സന്ദര്‍ശകരുടെ തിരക്ക് വർധിച്ചതോടെ ആനക്കുട്ടിക്ക് ഉറങ്ങുവാൻ കഴിഞ്ഞില്ല. തുടര്‍ന്ന് ഉച്ചയോടെ മണികണ്ഠനെ പ്രത്യേക മുറിയിലേക്ക് മാറ്റി.
ശൈശവത്തിൽ തന്നെ അമ്മയെ വിട്ടുപിരിഞ്ഞ മണികണ്ഠൻ ഇനി കോന്നിയുടെ മണ്ണിൽ തലയെടുപ്പോടെ വളരും. കോന്നി ആനത്താവളത്തിലെ പ്രധാന ആകർഷണമായിരുന്ന സുരേന്ദ്രനെ കുങ്കി പരിശീലനത്തിനായി കൊണ്ടുപോയതിന് ശേഷം വന്ന ആനക്കുട്ടി എന്ന നിലയിൽ ജൂനിയർ സുരേന്ദ്രനായി മണികണ്ഠൻ വളരുമെന്നും കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോജി ജെയിംസ് പറഞ്ഞു.