കുറിച്ചി : അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോട്ടയത്ത് ബിഷപ്പ് അറസ്റ്റില്‍. മണിമല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവാഞ്ചിലിക്കല്‍ സഭയുടെ ബിഷപ്പ് സന്തോഷ് പി.ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശികളില്‍ നിന്നാണ് ഇയാള്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തത്. പണം നല്‍കിയിട്ടും ജോലി കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചിങ്ങവനം പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ വി.എസ്. അനില്‍കുമാറിന്റെയും എസ്.ഐ വിഷ്ണുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ നിലവില്‍ ചങ്ങനാശ്ശേരി, മണ്ണാർക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാര്‍ മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്ന് ബന്ധപ്പെട്ടതിന് പിന്നാലെയാണ് പ്രതി കുറിച്ചിയിലെത്തിയത്. പിന്നീട് വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. മാസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു സഭയില്‍ വൈദികനായിരുന്ന പ്രതി കുറച്ച് നാളുകളായി സ്വന്തമായി സഭ രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടെയാണ് തട്ടിപ്പ് നടത്തിയത്.