ദില്ലി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിയതിന്റെ വീഡിയോ ഉയര്‍ത്തിയ രോഷം അടങ്ങും മുമ്പേ വീണ്ടും ഞെട്ടിക്കുന്ന സംഭവം. ഒരു യുവാവിന്റെ വെട്ടിമാറ്റിയ തലയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ബിഷ്ണുപൂര്‍ ജില്ലയില്‍ മുളത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച മതിലിലാണ് അറുത്തെടുത്ത തല വെച്ചിരിക്കുന്നത്.
കുക്കി വിഭാഗത്തില്‍പ്പെട്ട ഡേവിഡ് തീക്കിന്റെ തലയാണിതെന്ന് വീഡിയോയില്‍ പറയുന്നു. ജൂലൈ 2 ന് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഏറ്റുമുട്ടലിനിടെ തീക് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 12 മണിയോടെയായിരുന്നു ആക്രമണം. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മെയ് 4 ന് സ്ത്രീകളെ നഗ്നരാക്കി ഒരു ജനക്കൂട്ടം നടത്തുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ മണിപ്പൂരില്‍ പുതിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ പ്രതികളായ നാല് പേരെ അറസ്റ്റ് ചെയ്തു.