ഇംഫാല്‍: മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുമെന്ന ബിരേന്‍ സിംഗിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നാടകീയ രംഗങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. മുഖ്യമന്ത്രയുടെ രാജിക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തി. പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ രാജി കത്ത് വലിച്ചുകീറി ബിരേന്‍ സിംഗിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് മുഖ്യന്റെ പിന്മാറ്റം.
മണിപ്പൂരില്‍ വംശീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുകയും ക്രമസമാധാന നില കൂടുതല്‍ വഷളാകുകയും ചെയ്ത സാഹചര്യത്തിലാണ് രാജിവെയ്ക്കുന്നതായി ബിരേന്‍ സിംഗ് പ്രഖ്യാപിച്ചത്. നേരത്തെ, മണിപ്പൂര്‍ മുഖ്യമന്ത്രിയോട് രാജിവെക്കണമെന്നും അല്ലെങ്കില്‍ കേന്ദ്രം ഇടപെട്ട് അധികാരം ഏറ്റെടുക്കുമെന്നും പറഞ്ഞതായി ഒരു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ പ്രതിഷേധവുമായി എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിനും രാജ്ഭവനും പുറത്ത് തടിച്ചുകൂടുകയും ബിരേന്‍ സിംഗിനോട് രാജിവെക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.